20 ആഗസ്റ്റ് 2025
ദേശീയപാതയിൽ പലയിടങ്ങളിലും നായകളുടെ ദിവസങ്ങൾ പഴക്കമുള്ള ജഡങ്ങൾ.
പന്തീരങ്കാവിനും മലാപ്പറമ്പിനും ഇടയിൽ മാത്രം നാല് ജഡങ്ങൾ റോഡരികിൽ കാണാം. ജഡങ്ങളിൽ ചിലത് അഴുകിയ നിലയിലാണ്. ഇരിങ്ങല്ലൂരിന് സമീപം കൂടത്തുംപാറ ടോൾ പ്ലാസ എത്തും മുമ്പ് റോഡരികിലുള്ള നായയുടെ ജഡം 4 ദിവസമായിട്ടും അവിടെത്തന്നെ കിടക്കുകയാണ്. ദുർഗ്ഗന്ധവും വമിച്ചു തുടങ്ങിയിട്ടുണ്ട്.
സർവ്വീസ് റോഡ് വഴി പ്രധാന റോഡിലേക്ക് പ്രവേശിച്ച ശേഷം വാഹനങ്ങൾ ഇടിച്ചാവാം ഇവ കൊല്ലപ്പെടുന്നത്. കൊന്ന ശേഷം ആരെങ്കിലും ഉപേക്ഷിക്കുന്നതാണോ എന്നും വ്യക്തമല്ല. പ്രത്യക്ഷത്തിൽ വലിയ പരിക്കുകൾ കാണാത്തത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ദേശീയപാതയുടെ പ്രധാന റോഡിലായ തിനാൽ നാട്ടുകാർ ഈ ജഡങ്ങൾ നീക്കം ചെയ്ത് മറവു ചെയ്യാനുള്ള സാധ്യത വിരളവാണ്. പഞ്ചായത്ത് കോർപ്പറേഷൻ അധികാരികൾ ഉണർന്ന് പ്രവർത്തിക്കുവാനും സാധ്യത കുറവ്.
ദേശീയപാത അധികൃതരും കണ്ണടക്കുന്നു.
ദേശീയപാതയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളിലും പാതയിലൂടെ അനുദിനം യാത്ര ചെയ്യുന്ന ദേശീയ പാത ഉദ്യോഗസ്ഥരുടെയും നിർമ്മാണ കമ്പനി അധികൃതരുടെയും കണ്ണുകളിലും ഈ കാഴ്ച പതിയുന്നില്ലേ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ദേശീയ പാതയിലെ ക്യാമറകൾ മിഴി തുറന്നു എന്ന വാർത്ത നൽകുന്ന അധികാരികളോട് ക്യാമറ ദൃശ്യങ്ങൾ വാഹനങ്ങൾക്ക് പിഴയീടാക്കാൻ മാത്രമുള്ളതാണോ എന്നാണ് പൊതുജനങ്ങൾ ഉയർത്തുന്ന ചോദ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ