മാത്തറ
27 ആഗസ്റ്റ് 2025
ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച പശുക്കുട്ടി ചത്തു. മാത്തറ വലിയ തച്ചിലോട്ട് ബാബുരാജിന്റെ വീട്ടിലെ നാലുമാസം പ്രായമുള്ള പശുക്കുട്ടിയാണ് ഇന്ന് രാവിലെ ചത്തത്.
കഴിഞ്ഞ രണ്ട് ദിവസമായി മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരം
പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച പശുക്കുട്ടി നിരീക്ഷണത്തിലായിരുന്നു.
വായിൽ നിന്നും നുരയും പതയും വരികയും ഭക്ഷണം കഴിക്കാതാവുകയും
അപശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ മൂർച്ഛിച്ച നിലയിലാണ് പശുക്കുട്ടി ചത്തത്.
പശുക്കുട്ടിയുമായി സമ്പർക്കത്തിലുള്ള പശുവിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വാക്സിനേഷൻ നൽകിയിട്ടുണ്ട്.
കൂടാതെ ഉടമയും ആവശ്യമായ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര വിലക്കിയതിനാൽ കൂടുതൽ പരിശോധക്ക് പശുക്കുട്ടിയുടെ ജഡം പൂക്കോട് വെറ്റനറി കോളജിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പ്രകാരം ജഡം മറവ് ചെയ്യാനാണ് തീരുമാനം.
അതേ സമയം പേ വിഷബാധയുടെ
ലക്ഷണം കാണിച്ച പശുക്കുട്ടി ചത്തതോടെ പ്രദേശത്ത് തെരുവ് നായകൾക്കുള്ള വാക്സിനേഷൻ നടപടികൾ ഊർജിതമാക്കാനുള്ള ശ്രമം ആരംഭിച്ചതായി ഒളവണ്ണ വെറ്റ്നറി സർജൻ ഡോ:മിഥുൻ അറിയിച്ചു.
ഒളവണ്ണയിൽ ഏതാനും ആഴ്ചകൾക്കിടയിൽ നിരവധി ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും തെരുവുനായകളുടെ കടി ഏറ്റിരുന്നു.
ഒടുവിൽ വളർത്തുമൃഗവും പേ ലക്ഷണങ്ങളെ തുടർന്ന് ചത്ത സാഹചര്യത്തിൽ പ്രദേശത്തുകാർ ആശങ്കയിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ