Header Ads Widget

Responsive Advertisement
ഇരിങ്ങല്ലൂർ
17 സപ്തംബർ 2025

ഒളവണ്ണ പഞ്ചായത്തിലെ ബോട്ടാണിക്കൽ ഗാർഡനിലേക്കുള്ള പ്രധാന റോഡിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിളയാട്ടം.
സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി പേർ സന്ദർശിച്ചിരുന്ന ഇടമാണ് ഇപ്പോൾ ലഹരി കേന്ദ്രമായി മാറിയത്. 
സന്ധ്യമയങ്ങുന്നതോടെ ദൂര സ്ഥലങ്ങളിൽ നിന്നു പോലും നിരവധി പേരാണ് ഇവിടെ എത്തുന്നത്. പലരും ലഹരി ഉപയോഗിക്കാനായി മാത്രം എത്തുന്നുവെന്നാണ്  നാട്ടുകാരുടെ പക്ഷം. പ്രദേശത്ത് സ്ഥാപിച്ചിരുന്ന വിളക്കുകൾ എല്ലാം കണ്ണടച്ചതും ലഹരി ഉപയോഗത്തിന് സൗകര്യമായി. കഞ്ചാവും മദ്യവും ഇവിടെ സുലഭമായി എത്തുന്നുണ്ടെന്ന് നാട്ടുകാർക്ക് ബോധ്യമുണ്ട്. 
റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സുകളും ലഹരി വിൽപ്പനക്കാരുടെ താവളമാണത്രെ. ഓണപ്പിറ്റേന്ന് രാത്രിയോടെ ലഹരിക്ക് അടിമപ്പെട്ടവർ സംഘം തിരിഞ്ഞ് സംഘട്ടനമുണ്ടായത് മറ്റ് യാത്രക്കാരുടെ സഞ്ചാരം പോലും അസാധ്യമാക്കി. അടിപിടിയിൽ ഹെൽമ്മറ്റ് കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലക്ക് പരിക്കേറ്റ തായും പൊലീസ് എത്തിയപ്പോൾ സംഘം സ്കൂട്ടറുകളിൽ രക്ഷപ്പെടുകയായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.
രാത്രിയിൽ ഇവിടെ തമ്പടിച്ചവർ ഉഗ്രശബ്ദമുള്ള ഗുണ്ട് പൊട്ടിച്ചത് സമീപവാസിയുടെ പശു അകാലത്തിൽ പ്രസവിക്കാൻ ഇടയാക്കിയെന്നും നാട്ടുകാർ വ്യക്തമാക്കി.
അക്രമസംഭവങ്ങൾ പതിവായതോടെ രാത്രിയിൽ ഇതു വഴി പോകാൻ നാട്ടുകാർക്ക് പോലും ഭയമാണ്.
പകൽ സമയം ഇത് വഴി കണ്ണടച്ച് പോകേണ്ട അവസ്ഥയാണെന്നും സ്കൂൾ കുട്ടികൾ പോലും ചുറ്റിത്തിരിയുന്ന കാഴ്ച പതിവെന്നും നാട്ടുകാർ പറഞ്ഞു.
ലക്ഷങ്ങൾ ചിലവിട്ട് നവീകരിക്കുകയും ഇരുവശങ്ങളും മോടിപിടിപ്പിക്കുകയും ചെയ്ത സ്ഥലമാണ് ഇപ്പോൾ ലഹരി മാഫിയയുടെ പിടിയിൽ അമർന്നിരിക്കുന്നത്.
സ്ഥലത്ത് പൊലീസിൻ്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment