Header Ads Widget

Responsive Advertisement
കോഴിക്കോട്.
19 സപ്തംബർ 2025

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ ചാവക്കാട്  മണത്തല കുരിക്കളകത്ത് അബ്ദുറഹീം (59) ആണ് മരിച്ചത്.
 വടകരയിലെ വാടക വീട്ടിൽ നിന്ന് നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തെ അബോധാവസ്ഥയിൽ ന്യൂമോണിയ രോഗ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഒറ്റയ്ക്ക് താമസിച്ച റഹീമിന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.   ചാവക്കാട് മണത്തൽ മലബാരി കുഞ്ഞുമുഹമ്മദ് ആണ് അച്ചൻ.
ഭാര്യ:ലൈല. മക്കൾ: ഷഫ് ന, ഐഷ.

മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നു പേരും മെഡിക്കൽ കോളെജിൽ ആറു പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമടക്കം 10 പേരാണ് കോഴിക്കോട് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്. ഇതിനോടകം രണ്ടു കുട്ടികൾ അടക്കം മൂന്നു പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടു. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരിയാണ് ഒടുവിൽ രോഗ മുക്തി നേടി വീട്ടിലേക്ക് മടങ്ങിയത്.
ഒന്നര മാസത്തിനിടെ  മെഡിക്കൽ കോളെജിൽ ചികിത്സക്കിടെ അബ്ദുറഹീമിനെ  കൂടാതെ
താമരശ്ശേരി സ്വദേശി അനയ, മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ശോഭന, വയനാട് ബത്തേരി സ്വദേശി രതീഷ്, ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല, ചേലേമ്പ്ര സ്വദേശി ഷാജി എന്നിവരാണ് മരണപ്പെട്ടത്.

Post a Comment