കോഴിക്കോട്
17 സപ്തംബർ 2025
പൊലീസിനെ വട്ടം കറക്കിയ വ്യാജൻ ഒടുവിൽ പിടിയിലായി.
വിജിലൻസ് ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ, ക്രൈം ബ്രാഞ്ച് സിഐ, എൻഫോഴ്സ്മെൻെറ് ഡയറകട്രേറ്റ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ വ്യാജ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കാസർകോട് സ്വദേശി പൊലീസ് പിടിയിൽ.
കാസർകോട് തളങ്ങര കുന്നിൽ മുഹമ്മദ് മുസ്തഫ ആണ് പിടിയിലായത്.
ഫറോക്ക് അസ്സിസ്റ്റൻെറ് കമ്മീഷ്ണർ എ .എം സിദ്ധിക്കിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും, ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തിൻെറ നേതൃത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 26-ാം തീയ്യതി ഫറോക്ക് ചുങ്കത്തുള്ള റിനു എന്ന തയ്യൽ കടയിൽ എത്തി പോലീസാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പോലീസ് കാൻെറീനിൽ പുതുതായി നല്ല മോഡൽ തയ്യൽ മെഷീൻ വന്നിട്ടുണ്ടെന്നും ആയത് കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ച് നൽകാമെന്നും പറഞ്ഞ് ഖദീജയിൽ നിന്നും 6000 രൂപ വാങ്ങിച്ച് മുങ്ങിയ ആൾക്കെതിരെ ഖദീജ നൽകിയ പരാതിയിൽ ഫറോക്ക് പോലീസ് നടത്തിയ ആന്വേഷണത്തിലാണ് കാസർകോട്ട് നിന്നും പ്രതിയെ പിടിച്ചത്.
ചോദ്യം ചെയ്തതോടെ കർണാടകത്തിലും കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലും മുക്കം, ഫറോക്ക്, പന്തീരാങ്കാവ് എന്നിവിടങ്ങളിലും ഇയാൾ സമാനരീതിയിൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടി മീത്തലിൽ നാളികേര കച്ചവടം നടത്തുന്ന കോയ എന്നവരുടെ കടയിൽ ചെന്ന് പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്. ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി, പന്തീരാങ്കാവ് സ്റ്റേഷൻ വളപ്പിൽ നിന്നും വലിച്ച 2000 ത്തിൽപരം തേങ്ങ സ്റ്റേഷനിൽ സ്ഥലം മുടക്കായി കിടക്കുകയാണെന്നും ആയത് കുറഞ്ഞ നിരക്കിൽ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 10000/- രൂപ വാങ്ങി മുങ്ങിയതും ഇയാൾ തന്നെ.
ഫറോക്ക് എ സി പി ക്രൈം സ്ക്വേഡ് അംഗങ്ങളായ എസ് ഐ സുജിത്.പി.സി, എ എസ് ഐ അരുൺകുമാർ മാത്തറ, എസ് സി പി ഒ മാരായ വിനോദ്. ഐ.ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐ റാം മോഹൻ റോയി, എ എസ് ഐ അബ്ദുൾ റഹീം, എസ് സി പി ഒ അഷറഫ്, സൈബർ സെൽ എസ് സി പി ഒ സുജിത്ത്.ഇ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ