കോഴിക്കോട്
12 ഒക്ടോബർ 2025
റൂറൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒക്ടോബർ 13 ന് തിങ്കളാഴ്ച തുടക്കമാകും.
കോഴിക്കോട് റൂറൽ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 13, 14 തിയ്യതികളിലാണ് നടക്കുന്നത്. പെരിങ്ങളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സി.ഡബ്ലിയു.ആർ.ഡി.എം സയന്റിസ്റ്റും പരിസ്ഥിതി ഗവേഷണ വിഭാഗം തലവനുമായ ബി വിവേക് മേള ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. ടി. കുഞ്ഞിമൊയ്തീൻ കുട്ടി, പി.ടി.എ പ്രസിഡന്റ് പി. അബ്ദുൽ റഷീദ്, പ്രിൻസിപ്പാൾ എം പി ശ്രീവിദ്യ, ഹെഡ് മിസ്ട്രസ് ആശാ സിന്ധു, റഷീദ് പാവണ്ടൂർ തുടങ്ങിയവർ പങ്കെടുക്കും.
ആദ്യ ദിവസം പെരിങ്ങൊളം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ ഹയർസെക്കണ്ടറി ബ്ലോക്കിൽ ഗണിതശാസ്ത്ര മേളയും ഐ.ടി മേളയും നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിലായി 555 കുട്ടികൾ മത്സരിക്കും. യു.പി ബ്ലോക്കിൽ സാമൂഹ്യശാസ്ത്ര മേളയുടെ നല് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ശാസ്ത്രമേള അരങ്ങേറും. ശാസ്ത്രമേളയുടെ വിവിധ വിഭാഗങ്ങളിലെ 29 മത്സര ഇനങ്ങളിൽ 628 കുട്ടികൾ മത്സരിക്കും.
രണ്ടാം ദിനത്തിൽ (ചൊവ്വ) പെരിങ്ങൊളം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ ഹയർസെക്കണ്ടറി ബ്ലോക്കിൽ പ്രവൃത്തിപരിചയമേള നടക്കും. 120 തത്സമയ മത്സര ഇനങ്ങളിലായി 735 കുട്ടികൾ പങ്കെടുക്കും.
മണക്കാട് ജി യു പി സ്കൂളിലാണ് സാമൂഹ്യശാസ്ത്ര മേള നടക്കുക. 374 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. പരിഷ്കരിച്ച മാനുവൽ പ്രകാരമാണ് ഈ വർഷത്തെ ശാസ്ത്രോത്സവം.
സമാപന സമ്മേളനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്യും. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തൊട്ടാഞ്ചേരി ആദ്ധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ സമ്മാന വിതരണം നിർവ്വഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ