ഡറാഡൂൺ
17 നവംബർ 2025
ഉത്തരാഖണ്ഡ് റായ്പൂർ,ഡറാഡൂണിൽ നടന്ന 28-ാമത് ദേശീയ വനം കായിക മേളയിൽ കേരളം റണ്ണറപ്പായപ്പോൾ മികച്ച നേട്ടവുമായി വയനാടിൻ്റെ സ്വന്തം കുഞ്ഞുമോൻ.പി.എ.
ഹൈജമ്പിലും 4x100 മീറ്റർ റിലേയിലും സ്വർണ്ണം നേടിയ കുഞ്ഞുമോൻ 110 മീറ്റർ ഹർഡിൽ, 400 മീറ്റർ ഓട്ടം എന്നിവയിൽ വെള്ളിയും 100 മീറ്ററിൽ ബ്രോൺസ് മെഡലും നേടി മികച്ച പ്രകനം കാഴ്ചവെച്ചാണ് വയനാടിൻ്റെ അഭിമാന
താരമായത്.
വയനാട്ടിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറാണ് കുഞ്ഞുമോൻ പി.എ.
നവംബർ 12 മുതൽ 16 വരെയാണ് 115 പേർ മത്സരിച്ച വനം കായിക മേള ഡറാഡൂണിൽ നടന്നത്. 74 സ്വർണ്ണമടക്കം 578 പോയിൻ്റു നേടി ഛത്തീസ്ഗഡ് ഒന്നാം സ്ഥാനം നേടിയപ്പോൾ 31 സ്വർണ്ണമടക്കം 357 പോയിൻ്റുകൾ നേടിയാണ് കേരളം റണ്ണറപ്പായത്.
കഴിഞ്ഞ വർഷം കേരളം രണ്ടാം സ്ഥാനം നേടിയപ്പോഴും വെറ്ററൻ വിഭാഗത്തിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണമടക്കം നിരവധി മെഡലുകൾ കുഞ്ഞുമോൻ സ്വന്തമാക്കിയിട്ടുണ്ട്.
24 വർഷമായി വനം വകുപ്പിൽ ജോലി ചെയ്തു വരുന്ന കോഴിക്കോട് ജില്ലയിലെ വിലങ്ങാട് സ്വദേശിയായ കുഞ്ഞുമോൻ്റെ കുടുംബാംഗങ്ങളും കായിക പ്രതിഭകളാണ്.
2015 ൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസായി പ്രമോഷൻ ലഭിച്ചാണ് വയനാട് മുത്തങ്ങ റെയ്ഞ്ചിൽ എത്തിയത്. മുത്തങ്ങയിൽ ഔദ്യോഗിക ജോലികൾക്ക് പുറമേ നിരവധിയായ സാമൂഹിക സേവന പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. മുത്തങ്ങ പൊൻകുഴി കോളനിയിലെ കുട്ടികളെ പഠിപ്പിച്ച് പൊതു സമുഹത്തിൻ്റെ വലിയ പ്രശംസ നേടിയ കുഞ്ഞുമോൻ
ബത്തേരി റേഞ്ചിലെ നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്ത സമയത്ത് പ്രത്യേകം പരിശീലനം നൽകിയ കുട്ടികളിൽ 27 പേർക്ക് സ്പെഷ്യൽ റിക്രൂട്ട്മെൻറ് പരീക്ഷയിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയി ജോലിയും ലഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ