ഇരിങ്ങല്ലൂർ
24 നവംബർ 2025
ഇരിങ്ങല്ലൂർ എളവന താഴത്ത് കുടിവെള്ള പദ്ധതി കിണർ ഇടിഞ്ഞ് താഴ്ന്നു. സമീപത്തെ വീടിന് തകർച്ചാ ഭീഷണി.
ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ്
നന്നാരി സഹദേവൻ്റെ വീടിന് സമീപം ഉള്ള കിണർ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. വിവരമറിഞ്ഞ് എത്തിയ പന്തീരങ്കാവ് പൊലീസും ഫയർഫോഴ്സും നിർദ്ദേശിച്ചത് പ്രകാരം സഹദേവനും കുടുംബവും ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്.
എം ജി നഗറിലെയും സമീപ പ്രദേശത്തെയും 300ൽപരം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകി
വന്ന കിണറാണ് നികന്നത്. വാഴയും മറ്റ് മരങ്ങളും പമ്പ് ഹൗസിൻ്റെ ഭാഗങ്ങളും കിണറ്റിൽ പതിച്ചു. വെള്ളം പമ്പ് ചെയ്തിരുന്ന വലിയ മോട്ടോറും മണ്ണിനടിയിലായി. ഇടിച്ചിൽ തുടർന്നാൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റും പഞ്ചായത്ത് റോഡും തകരും. നിലവിൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞിട്ടുണ്ട്.
വർഷങ്ങളായി കിണറിൻ്റെ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതും കനത്ത മഴയുമാണ് അപകട കാരണം എന്നാണ് പ്രധാമിക നിഗമനം.
കിണറിലെ ശക്തിയേറിയ മോട്ടോർ പ്രവർത്തിക്കവെ വീടിനകത്ത് പോലും പ്രകമ്പനം എത്താറുണ്ടെന്നും ചുമരുകളിൽ വിള്ളൽ ഉണ്ടായി എന്നും പറഞ്ഞ വീട്ടുകാർ 24 മണിക്കൂറും മോട്ടോർ പ്രവർത്തിപ്പിക്കുമെന്നും പലപ്പോഴും കിണറിൻ്റെ പല ഭാഗങ്ങളും അടർന്ന് വീഴാറുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇക്കാര്യങ്ങൾ കുടിവെള്ള കമ്മറ്റി ഭാരവാഹികളെ അറിയിച്ചിരുന്നു എന്നും സഹദേവൻ പറഞ്ഞു. ജിയോളജി വിഭാഗത്തിൻ്റെ പരിശോധനക്ക് ശേഷം വേണ്ട നടപടികൾ ഉണ്ടാകുമെന്ന് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ