പന്തീരങ്കാവ്
30 ഡിസംബർ 2025
പന്തീരങ്കാവ് ടോൾ പ്ലാസയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിട്ടും സ്ഥലത്തെ മാലിന്യ പ്രശ്നം രൂക്ഷമായി തുടരുന്നു.
ടോൾ പ്ലാസ കെട്ടിടങ്ങളിൽ നിന്നും ദ്രവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് റോഡിൻ്റെ ഇരുവശങ്ങളിലേക്കുമാണ്.
ദേശീയപാതയുടെ തന്നെ സ്ഥലമായ താഴെയുള്ള ഭാഗത്ത് തുറന്നിട്ട വലിയ കുഴികളിൽ ദ്രവമാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമെ ചാക്കുകളിൽ മറ്റു മാലിന്യങ്ങളുമുണ്ട്. അരികിലുള്ള നീർച്ചാലിലൂടെ മാലിന്യങ്ങൾ വയലിലേക്ക് ഒഴുകുകയാണ്. ഈ ഭാഗങ്ങളിൽ ദുർഗ്ഗദ്ദം വമിക്കുകയാണ്.
ട്രാൾ പ്ലാസയിൽ നിന്നും വലിച്ചെറിയുന്ന കുപ്പികളും പ്ലാസ്റ്റിക്കുകയും വയലിൽ പരന്നുകിടക്കുകയാണ്. അതേ സമയം മാമ്പുഴക്ക് കുറുകെയുള്ള പാലവും ബന്ധപ്പെട്ട സർവ്വീസ് റോഡും പൂർത്തിയായിട്ടില്ല. ടോൾ പ്ലാസയിലെ ചില കെട്ടിടങ്ങൾക്കുണ്ടായ ചരിവും അപകട ഭീതിയുയർത്തുന്നു.
ഇരിങ്ങല്ലൂർ റോഡ് ദേശീയ പാതയിൽ ചേരുന്ന മുന്നല്ലേരി മുതൽ ഹൈലൈറ്റ് വരെയുളള ഭാഗം ഉൾപ്പെടെ നിരവധിയിടങ്ങളിൽ സർവ്വീസ് റോഡ് നിർമ്മാണം തുടങ്ങിയിട്ട് പോലുമില്ല.
പന്തീരങ്കാവിലെ കയ്യേറ്റം ഒഴിപ്പിച്ച് നടപ്പാത പണിതിട്ടുമില്ല.ഇതിനെല്ലാം പരിഹാരം ഉണ്ടാക്കിയിട്ട് പോരേ ടോൾ പിരിക്കൽ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ