കുന്നത്ത് പാലം
07 ജനുവരി 2026
കുന്നത്തുപാലത്ത് പുഴയുടെ നീർച്ചാലുകൾ നികത്തൽ സജീവം.
ഒളവണ്ണ വില്ലജ് ഓഫീസിന് സമീപത്താണ് പുഴയുമായി ബന്ധപ്പെട്ടുള്ള നീർച്ചാലുകളും നീർത്തടങ്ങളും നികത്തിയെടുക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിൻ്റെ അതിര് കെട്ടുന്നതിൻ്റെ മറവിലാണ് പുഴയുടെ നീർച്ചാലുകൾ നികത്തുന്നത്. നീർച്ചാലുകൾ പുഴയോട് ചേരുന്ന ഭാഗം പാറക്കല്ല് ഉപയോഗിച്ച് കെട്ടിയടച്ച ശേഷം മാലിന്യങ്ങളും മണ്ണും ഇട്ടാണ് ചാലുകൾ നികത്തുന്നത്.
സമീപ പ്രദേശത്തെ നിരവധി നീർച്ചാലുകൾ ചകിരി വേസ്റ്റ് തള്ളി നികത്തിയിട്ടുമുണ്ട്.
നീർത്തടങ്ങളിൽ നിന്നും പിറവിയെടുത്ത് അറബിക്കടലിലേക്കൊഴുകുന്ന കല്ലായി പുഴയുടെ ഹൃദയ ധമനികളാണ് ഇരുവശങ്ങളിലെയും നീർത്തടങ്ങളും നീർച്ചാലുകളും. ഒളവണ്ണ പെരുമണ്ണ പഞ്ചായത്തുകളിൽ പുഴയുടെ ഇരുവശങ്ങളിലുമുള്ള തണ്ണീർ തടങ്ങളും നീർച്ചാലുകളുമാണ് കല്ലായി പുഴയെ നിലനിർത്തുന്നത്. പ്രദേശികമായി മാമ്പുഴ എന്നറിയപ്പെടുന്ന ഭാഗങ്ങളിൽ നടത്തിയ സർവ്വേ പ്രകാരം കണ്ടെത്തി മഞ്ഞ പെയിൻറടിച്ച് നമ്പറിട്ട തെങ്ങുകൾ പലതും ഇപ്പോൾ അതിരു കെട്ടിയതോടെ സ്വകാര്യ വ്യക്തികളുടെ പറമ്പിലായി.
അതിര് കെട്ടുന്നതിൻ്റെ ഭാഗമായി പല തെങ്ങുകളുടെയും മുരട് തുരന്ന അവസ്ഥയിലുമാണ്. സർവ്വേ പ്രകാരം കണ്ടെത്തിയ സ്ഥലങ്ങളും മരങ്ങളും സംരക്ഷിക്കാൻ നടപടിയെടുക്കാത്ത സർക്കാർ സംവിധാനങ്ങൾ പുഴയുടെ നീർച്ചാലുകൾ നികത്തുന്നതും കണ്ടില്ലെന്ന് നടിക്കുകയാണ്.
പലപ്പോഴും തരം മാറ്റൽ അനുമതി ലഭിച്ചെന്ന പേരിലാണ് നികത്തൽ നടത്തുന്നത്. കുന്നത്തു പാലം മുതൽ കൂടത്തുംപാറ വരെയും പുഴയുടെ തീരത്ത് നിരവധി നീർച്ചാലും ഉണ്ടായിരുന്നു. ഇപ്പോൾ ശേഷിക്കുന്നത് വിരലിലെണ്ണാവുന്നത് മാത്രം. ഈ ഭാഗങ്ങളിൽ വ്യപകമായി നീർത്തടങ്ങൾ നികത്തി നിരവധി കെട്ടിടങ്ങൾ ഉയർന്നു കഴിഞ്ഞു. ചില ഭാഗങ്ങൾ പുറമ്പോക്ക് ഭൂമിയാണെന്ന വാദവും നാട്ടുകാർ ഉയർത്തുന്നുണ്ട്. പുഴയുടെ മറുഭാഗത്തും സ്ഥിതി ഭിന്നമല്ല.
ഒളവണ്ണ പഞ്ചായത്തിലെ രണ്ട് വില്ലേജ് ഓഫീസർമാരും ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് കൈക്കൂലി കേസിൽ പിടിയിലായത് സമീപകാലത്താണ്.
മാമ്പുഴയെ സംരക്ഷിക്കാൻ ഇനി ജനകീയ പ്രക്ഷോഭം തുടങ്ങാൻ സമയമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ