കോഴിക്കോട്
8 ജനുവരി 2026
198 ഗ്രാം എംഡി എം എയുമായി പൊക്കുന്ന് സ്വദേശി പൊലീസിൻ്റെ പിടിയിലായി. ഇത് മൂന്നാം തവണയാണ് ഇയാൾ പിടിയിലാകുന്നത്.
ബാംഗ്ലൂരിൽ നിന്നും വില്പനക്കായി കോഴിക്കോട്ടേക്ക് കടത്തിക്കൊണ്ടുവന്ന 198 ഗ്രാം എം ഡി എം എ യുമായി പൊക്കുന്ന് സ്വദേശിയായപുളിക്കൽ വീട്ടിൽ കുമാരി എന്നറിയപ്പെടുന്ന അരുൺകുമാർ (28) ആണ് പിടിയിൽ ആയത്.
സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും സബ് ഇൻസ്പെക്ടർ ബബിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും ബസ്സ് മാർഗ്ഗം കോഴിക്കോട്ട് എത്തി ഓട്ടോറിക്ഷയിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന കോവൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് പോലീസ് ഇയാളെ പിടികൂടിയത്. വിപണിയിൽ ഏകദേശം 10 ലക്ഷത്തിനു മുകളിൽ വില വരുന്ന മയക്കു മരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. പിടിയിലായ അരുൺകുമാർ ബാംഗളൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കോഴിക്കോട്ട് എത്തിച്ച് ആലംകല്ല് പോലെയുള്ള വസ്തുക്കൾ പൊടിച്ചു ചേർത്ത് തൂക്കം വർദ്ധിപ്പിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വൻ മയക്കുമരുന്ന് മാഫിയകളുമായി ഇയാൾക്ക് ബന്ധമുണ്ട് എന്ന കാര്യം പോലീസ് ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലായിട്ടുണ്ട്. ആർക്കെല്ലാം വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് എന്നും ആരൊക്കെയാണ് ഇതിന് ആവശ്യമായ പണം മുടക്കുന്നത് എന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. വാടകവീട്ടിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾ നഗരത്തിൽ അത്യാഢബര പൂർണ്ണമായ ജീവിതമാണ് നയിച്ചു വരുന്നത്. സ്ത്രീകൾ അടക്കം മയക്കുമരുന്ന് അടിമകളായ നിരവധി ആളുകൾ കൂട്ടാളികളായി ഇയാളെ കച്ചവടത്തിന് സഹായിക്കുന്നുണ്ട്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ എസ് ഐ .കെ അഖിലേഷ്,എസ് സി പി ഒ .സുനോജ് കാരയിൽ, ലതീഷ്, സരുൺകുമാർ, ശ്രീശാന്ത്, അതുൽ, അഭിജിത്ത്, തൗഫീഖ്, ദിനീഷ്മെ, ഡിക്കൽ കോളേജ് എസ് ഐ മാരായ ബബിത, കിരൺ, സജി മാനിയേടത്ത്, എസ് സി പി ഒ വിനോദ് കുമാർ, സിപിഒ നവഗീത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ